പരന്നു നിറയുന്ന പച്ചപ്പും ജലസമൃദ്ധിയുമാണ് കേരളത്തിന്റെ മുഖമുദ്രകളായി കരുതപ്പെടുന്നത്. ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ കേരളം ഇടം നേടിയതും ഈ ഹരിത ചാരുതയാലാണ്. എന്നാല്‍ സംസ്ഥാനത്തിന്റെ ഈ ആകര്‍ഷണീയത ഇന്ന് ഏറെ വെല്ലുവിളി നേരിടുകയാണ്. ജലസ്രോതസ്സുകളുടെ ക്ഷയിക്കലും മലിനമാകലും, നഗര, ഗ്രാമ ഭേദമെന്യേ പരിഹാരമില്ലാതെ അവശേഷിക്കുന്ന മാലിന്യ സംസ്കരണം, കാര്‍ഷിക മേഖലയുടെ ചുരുങ്ങല്‍ എന്നിവയാണ് പ്രധാന വെല്ലുവിളികള്‍. ശുചിത്വമാലിന്യ സംസ്കരണം, ജലവിഭവ സംരക്ഷണം, കാര്‍ഷിക മേഖലയുടെ വികസനം എന്നിവയ്ക്ക് ഊന്നല്‍ നല്കുന്ന ഹരിതകേരളം മിഷനിലൂടെ ഈ വെല്ലുവിളികളെ ഫലപ്രദമായി നേരിടാനാണ് ശ്രമിക്കുന്നത്.
ഇതിനായി മൂന്ന് ഉപമിഷനുകൾ ഉണ്ടാകും:
നിലവിലുള്ള ജലസ്രോതസ്സുകളുടെ നവീകരണവും ശുദ്ധീകരണവും ഉറപ്പാക്കുന്നതു വഴി പ്രാദേശിക തലത്തില്‍ ജലസേചനത്തിനും കുടിവെള്ള വിതരണത്തിനും ഉതകുന്ന ഒരു പുതിയ ജല ഉപയോഗ സംസ്കാരം രൂപപ്പെടുത്തുന്നതിലാണ് ജലസംരക്ഷണ ഉപമിഷന്റെ ഊന്നല്‍. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ഒട്ടാകെയുള്ള കുളങ്ങളും തോടുകളും പുനരുജ്ജീവിപ്പിക്കു ന്നതിനും നിലനിര്‍ത്തുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കും. രണ്ടാംഘട്ടത്തില്‍ നദികള്‍, കായലുകള്‍, മറ്റു ജലസ്രോതസ്സുകള്‍ എന്നിവയുടെ സംരക്ഷണവും ശുചീകരണവും നടപ്പാക്കും. യുവജന സംഘടനകള്‍, വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങി എല്ലാ വിഭാഗങ്ങ ളുടെയും പങ്കാളിത്തം ഉറപ്പാക്കും. ജലസ്രോതസ്സുകളില്‍ മാലിന്യം നിക്ഷേപിക്കുന്നത് കര്‍ശനമായി തടയുന്നതോടൊപ്പം, ഉറവിട മാലിന്യസംസ്കാര സങ്കേതങ്ങള്‍ ഉപയോഗിച്ച് ജൈവകൃഷിക്ക് അനുയോജ്യമായ പശ്ചാത്തലമൊരുക്കുകയും വീടുകളില്‍ കൃഷി വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് മാലിന്യസംസ്കരണ-കൃഷി വികസന കർമ്മസേനകൾ അടിസ്ഥാനപരമായി ലക്ഷ്യമിടുന്നത്. അതോടൊപ്പം ബയോഗ്യാസ് സംവിധാനങ്ങള്‍, തുമ്പൂര്‍മൂഴി മാതൃകയിലുള്ള വികേന്ദ്രീകൃത മാലിന്യസംസ്കാര സംവിധാനങ്ങള്‍, ബ്ലോക്ക് അടിസ്ഥാനത്തില്‍ പ്ലാസ്റ്റിക്, ഇ-വേസ്റ്റ്, ആശുപത്രി മാലിന്യങ്ങള്‍ തുടങ്ങിയവ സംസ്കരിക്കാനുള്ള സങ്കേതങ്ങള്‍ ലഭ്യമാക്കുക എന്നിവയും ശുചിത്വ-മാലിന്യ സംസ്കരണ ഉപമിഷന്റെ ലക്ഷ്യങ്ങളാണ്. ഉറവിട മാലിന്യ സംസ്കരണത്തോടൊപ്പം തന്നെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് നഗരപ്രദേശങ്ങള്‍ക്കായി നൂതന രീതിയിലുള്ള കേന്ദ്രീകൃത സംസ്കരണ സംവിധാനങ്ങളും നടപ്പാക്കും. വീടുകള്‍ തോറുമുള്ള കൃഷി സാധ്യതയ്ക്കു പുറമെ പച്ചക്കറിയിലും മറ്റ് അടിസ്ഥാന കൃഷി ഉല്പന്നങ്ങളിലും സ്വയംപര്യാപ്തത നേടാനുതകുന്ന വിധത്തില്‍ പൊതുവായ ഇടപെടലുകളും കൃഷി വികസന ഉപമിഷൻ ലക്ഷ്യമിടുന്നതാണ്. ഇക്കാര്യത്തില്‍ മൂന്ന് ടാസ്ക് ഫോഴ്സുകളും സംസ്ഥാന, ജില്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തലത്തില്‍ പ്രവര്‍ത്തിക്കേണ്ടതുണ്ട്. ഇതിനു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വ ത്തില്‍ ജനകീയ കൂട്ടായ്മയുണ്ടാകണം. സാക്ഷരതായജ്ഞവും വികേന്ദ്രീകൃത ആസൂത്രണവും നമുക്ക് വഴികാട്ടിയാവുന്നു. ഈ മേഖലയുമായി ബന്ധപ്പെട്ടു വകുപ്പുകള്‍ ഏകോപിച്ചു നടത്തുന്ന മിഷന് പ്രവര്‍ത്തനത്തില്‍ ജനപങ്കാളിത്തം പ്രധാനമാണ്. നമ്മുടെ മണ്ണും വെള്ളവും, നെല്ലും സംരക്ഷിക്കേണ്ടത് പൗരന് എന്ന നിലയില്‍ നമ്മുടെ തന്നെ ഉത്തരവാദിത്വമാണ്. ബഹുജന സംഘടനകള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയപാര്‍ട്ടികള്‍, സാങ്കേതിക വിദഗ്ദർ, യുവജനത, സാമൂഹിക-സാംസ്കാരിക പ്രവര്‍ത്തകര്‍ എല്ലാവരും ഒത്തൊരുമിച്ച് നടത്തേണ്ട മറ്റൊരു മുന്നേറ്റ മാണിത്.
- പൊതു കിണറുകളുടെ പട്ടിക തയ്യാറാക്കി ഉപയോഗപ്രദമാക്കുക. ഇവയുടെ പരിസരപ്രദേശങ്ങളും വൃത്തിയാക്കി തയ്യാറാക്കുക.
- കുളങ്ങളുടെ പട്ടിക തയ്യാറാക്കി ശുചീകരിച്ച് പുനരുജ്ജീവിപ്പിക്കുക.
- തോടുകളെയും കനാലുകളെയും പുനരുജ്ജീവിപ്പിക്കുക.
- കായലുകള്‍ ശുചീകരിക്കുക.
- മത്സ്യകൃഷിക്ക് സാധ്യമായ സ്ഥലങ്ങളില്‍ അവയ്ക്ക് തുടക്കം കുറിക്കുക.
- കുന്ന്, ചരിവ്, താഴ്വാരം, മണ്ണിന്റെ ആഴം, ഘടന, മണ്ണൊലിപ്പ് തുടങ്ങിയ ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി ഓരോ പ്രദേശത്തും ജലലഭ്യത ഉറപ്പുവരുത്താവുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക.
- കനാലുകള്‍ വഴി വിതരണം ചെയ്യുന്ന ജലം കൂടുതല്‍ ഫലപ്രദമാകുന്ന രീതിയില്‍ പ്രവൃത്തികള്‍ ചെയ്യുക.
- മഴക്കുഴികളുടെ നിര്‍മ്മാണം ശാസ്ത്രീയമായി ക്രമീകരിക്കുക.
- നിലവിലുള്ള മഴവെള്ള സംഭരണികള്‍ വൃത്തിയാക്കി, പ്രവര്‍ത്തനക്ഷമമാക്കുകയും അവയുടെ തുടര്‍പ്രവര്‍ത്തനം ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്യുക.
- കഴിയുന്നത്ര കുളങ്ങള്‍/ ജലസ്രോതസ്സുകള്‍ എന്നിവയില്‍ നീന്തല്‍ പഠനം ആരംഭിക്കാനുള്ള നടപടി ഏറ്റെടുക്കുക.
- ബണ്ട് നിര്‍മ്മാണം, താല്‍ക്കാലിക തടയണകളുടെ നിര്‍മ്മാണം എന്നിവ വഴി വേനല്‍ മഴയുടെ ജലസംഭരണം.
- സ്കൂളുകളിലെ കിണറുകളിലെ വിഷബീജമകറ്റല് (disinfection) നടത്തുക. (ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗപ്പെടുത്തി)
- സ്കൂള്‍ കോമ്പൗണ്ടിലെ ജലം മണ്ണിലേക്ക് കിനിഞ്ഞിറക്കുന്നതിനുള്ള സംവിധാനമൊരുക്കല്‍.
- മേല്‍ രണ്ട് പ്രവര്‍ത്തനങ്ങളും വീടുകളിലേക്കും വ്യാപിപ്പിക്കാം.
ശുചിത്വ – മാലിന്യ സംസ്കരണം
- കിണറുകള്‍, ചിറകള്‍ എന്നിവയിലെ പായല്‍, പ്ലാസ്റ്റിക് തുടങ്ങിയ മാലിന്യങ്ങള്‍ വാരി മാറ്റി വൃത്തിയാക്കുക.
- മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയില്ലെന്ന് ഉറപ്പാക്കല്‍.
- ഖരമാലിന്യ ശേഖരണം.
- പൊതു പങ്കാളിത്തത്തോടെ, മാലിന്യ കൂമ്പാരങ്ങള്‍ ഉള്ള സ്ഥലത്തുനിന്നും അവ മാറ്റല്‍.
- വികേന്ദ്രീകൃത കമ്മ്യൂണിറ്റിതല കമ്പോസ്റ്റിങ്ങ് സംവിധാനം ചെയ്യല്‍.
- ഉറവിട അഴുക്കുജല പരിപാലനം.
- വീടുകളില്‍നിന്നും, സ്ഥാപനങ്ങളില്‍നിന്നും അഴുകുന്ന മാലിന്യം പുറത്തേക്ക് പോവുന്നില്ലെന്ന് ഉറപ്പാക്കലും ഉറവിടത്തില്‍ തന്നെ സംസ്കരിക്കലും.
- എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും മാലിന്യം കുറയ്ക്കാന്‍ നടപടി.
- എല്ലാ ജില്ലകളിലും സ്വാപ് ഷോപ്പ് സംരംഭകരെയും പാഴ് വസ്തു വ്യാപാരികളെയും കണ്ടെത്തി പ്രോത്സാഹിപ്പിക്കല്‍.
- ആശുപത്രികള്‍, ഹോട്ടലുകള്‍, വ്യാപാരകേന്ദ്രങ്ങള്‍ തുടങ്ങിയവയിലായി ബന്ധപ്പെട്ട്, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പ്രത്യേക ശ്രദ്ധയും പദ്ധതിയും ഉണ്ടെന്ന് ഉറപ്പാക്കല്‍.
- പ്ലാസ്റ്റിക് ബാഗ് ഇല്ലാത്ത കടകള്‍ ഉറപ്പാക്കല്‍.
ജൈവകൃഷി
- എല്ലാ വീടുകളിലും താല്‍പ്പര്യമുള്ള ഗ്രൂപ്പുകള്‍ക്ക് (കൃഷിഭവന്, കുടുംബശ്രീ, നബാര്‍ഡ് ഫാര്‍മേഴ്സ് ക്ലബ്ബുകള്‍, എന്‍.ജി.ഒകള്‍) പച്ചക്കറി വിത്തുകളുടെ ഒരു കിറ്റ് ലഭ്യമാക്കാന്‍ കൃഷിവകുപ്പ് ശ്രമിക്കുന്നുണ്ട്. ഇത് ഫലപ്രദമായി എല്ലാ വീട്ടുകാരും ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തുക.
- പഞ്ചായത്ത് തലത്തില്‍, ജലസേചന സൗകര്യം ഉറപ്പാക്കിക്കൊണ്ട് തരിശായിക്കിടക്കുന്ന സ്ഥലങ്ങളില്‍ വിഷുവിനാവശ്യമായ പച്ചക്കറി ഉല്‍പ്പാദനത്തിന് കുടുംബശ്രീ ഗ്രൂപ്പുകള്‍ വഴി നടപടി സ്വീകരിക്കുക.
- വിത്ത് ബാങ്കുകള്‍, കര്‍ഷക ഗ്രൂപ്പ് വഴി MGNREGS ലിങ്ക് ചെയ്യാം.
- സ്കൂളുകളില്‍ പച്ചക്കറിത്തോട്ടം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങുകയും ഉല്‍പ്പന്നങ്ങള്‍ സ്കൂള്‍ ഉച്ചഭക്ഷണ പരിപാടിയുമായി ബന്ധിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. ഇതിനായി സ്കൂള്‍തല ഹരിതസേനകള്ക്ക് രൂപം നല്കാന് നടപടി എടുക്കുക.
- അടുക്കളത്തോട്ടങ്ങൾക്ക് കൂടുതൽ പ്രോത്സാഹനം.
- 102 views